കൊല്ലം: എഫ്സിആര്‍എ നിയമത്തെച്ചൊല്ലി അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി ക്രിസ്തീയ വിരുദ്ധത ആരോപിച്ച് കുതന്ത്രങ്ങളിലൂടെ ബിജെപിയെ തകര്‍ക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്ന് ഗോവ മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ പി.എസ്. ശ്രീധരന് പിള്ള.
പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ‘വോട്ടും വാക്കും’ തെരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്സിആര്എയില് അത്തരത്തില്‍ യാതൊന്നുമില്ലെന്നും സാമ്പത്തിക സുതാര്യത ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമിടുന്നതെന്നും സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പരാജയഭീതി മൂലം കോണ്‍ഗ്രസ് ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അവരുടെ ജനപിന്തുണ താഴേക്കു പോകുന്ന സാഹചര്യമാണുള്ളത്. യുഡിഎഫും എല്‍ഡിഎഫും തീവ്രവാദ സംഘടനകള്‍ക്കു പിന്നാലെയാണ്. കേരള രാഷ്ട്രീയത്തില്‍ കാലങ്ങളായി നിലനിന്ന ഇരുമുന്നണി സമവാക്യങ്ങളെ തകര്‍ത്ത് ബിജെപി വിന്നിംഗ് പാര്‍ട്ടിയായി മാറുന്ന കാഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വരാനിരിക്കുന്നത്.
യുഡിഎഫിനോടൊപ്പം പരസ്യമായി ജമാ അത്തെ ഇസ്ലാമി കൈകോര്‍ത്തതോടെ ബിജെപിയുടെ ‘വികസന കേരളം’ എന്ന കാഴ്ചപ്പാടിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുകയാണ്. നേരത്തെ പാര്‍ട്ടിയുടെ ആശയങ്ങള്‍ പിന്തുടരുന്നവര് മാത്രം വോട്ട് ചെയ്തിരുന്ന അവസ്ഥയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ വലിയ മാറ്റം സംഭവിച്ചുകഴിഞ്ഞു. കൊല്ലം കോര്‍പറേഷനില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി പ്രാതിനിധ്യം പാര്‍ട്ടിക്ക് ലഭിച്ചത് ബിജെപിയോടുള്ള ജനങ്ങളുടെ വര്‍ധിച്ചുവരുന്ന വിശ്വാസത്തിന്റെ തെളിവാണ്.
ഇന്ത്യ സഖ്യത്തിന്റെ പേരില്‍ രാജ്യത്താകമാനം ഒന്നിച്ചു നില്ക്കുന്നവര് കേരളത്തില്‍ നടത്തുന്ന പോരാട്ടം വെറും നാടകമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ എസ്ഡിപിഐയെ പോലും ഘടകകക്ഷിയാക്കിയാണ് ഇവര്‍ മത്സരിക്കുന്നത്. ലോകമെമ്പാടും കമ്യൂണിസം അപ്രത്യക്ഷമായ സാഹചര്യത്തില്‍ ബദലായി കേരളം ഒരു ഒറ്റയാന് തുരുത്തായി നില്ക്കാന് പാടില്ല. നരേന്ദ്ര മോദിയുടെ വികസന യാത്രയ്ക്കൊപ്പം കേരളവും ചേരേണ്ടതുണ്ട്.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ രഹസ്യമായ ‘ഡീല്‍’ ഉണ്ടെന്ന ആരോപണം ജനങ്ങള്‍ക്കിടയില്‍ ശക്തമായതോടെ കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന ചോദ്യം പ്രസക്തമാകുന്നു. ഇന്ത്യ മുന്നണി രൂപീകരിച്ച ശേഷം എവിടെയെങ്കിലും കൃത്യമായ സ്വാധീനം ചെലുത്താനോ നരേന്ദ്ര മോദിക്ക് പകരമാവാനോ അവര്‍ക്ക് സാധിച്ചിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ വോട്ടിംഗ് ശതമാനത്തില്‍ അര ശതമാനം പോലും നേടാനാവാത്ത വിധം സിപിഐ പോലുള്ള പാര്‍ട്ടികള്‍ തകര്‍ച്ചയെ നേരിടുകയാണ്. എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് വാങ്ങി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്.
ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളെ അതിജീവിച്ച് വികസനത്തിന്റെ പുതിയ പാതയിലേക്ക് കേരളത്തെ നയിക്കാന്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും കഴിയുമെന്ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.